Wednesday, December 25, 2019

[#Drakula full version]

എഴുതിയത് എന്തായിരുന്നു് എന്ന്  വായിക്കപ്പെടുന്നുണ്ട്  എന്നറിയുന്നത്  ആഹ്ലാദകരമായ അനുഭവം തന്നെയാണ്.  കവിയത്രി വിജയലക്ഷ്മി , കവി മിത്രം കെ.ജി.എസ്സ്   ധനശാസ്തജ്ഞൻ ജോസ് സെബാസ്റ്റ്യൻ, പ്രിയ സുഹൃത്ത് ഇംഹാൻസ് ഡയക്ടർ പി.കൃഷ്ണകുമാർ എന്നിവരൊക്കെ    ഇന്നത്തെ മാതൃഭൂമി വാരാന്തപ്പതിലെ നാലാം പേജിലെഴുതിയ  "സഖാവ് ഡ്രാക്കുള അകത്തുണ്ട് " എന്ന അനുഭവം അവരെയും സ്പർശിച്ചു എന്നറിയിച്ചപ്പോൾ  സന്തോഷം. ആകാശത്തേക്ക് ഏതോ കാലത്ത് ആരോ കേൾക്കും എന്ന് ഉറപ്പുമില്ലാതെ പറയുന്ന കാര്യങ്ങൾ ആരോ കേട്ടു എന്നറിയുമ്പോഴുള്ള സന്തോഷം തന്നെ. ശാന്ത് . പറയാനുള്ളത് ഇത്രമാത്രം: ഡ്രാക്കുളകൾ  കഥകളിലല്ല , നമുക്കിടയിലാണ്.

[സഖാവ് ഡ്രാക്കുള
അകത്തുണ്ട് ]

ഡ്രാക്കുളയെ ഓർത്ത്  പേടിക്കാത്തവരുണ്ടാകില്ല. പകൽ   ഇരുണ്ട കൊട്ടാരത്തിലെ   ശവപ്പെട്ടിയിലുറങ്ങുകയും രാത്രി യുവതികളുടെ രക്തം കുടിച്ച് മരണമില്ലാത്തവനാവുകയും ചെയ്യുന്ന ഡ്രാക്കുളയെപ്പോലെ ഭാവനയെ വിറങ്ങലിപ്പിച്ച പ്രതിനായകനില്ല.

1897 ൽ ബ്രാം സ്റ്റോക്കർ എഴുത്തിന്റെ ലോകത്ത്  കൊത്തിവച്ച ഈ ഇതിഹാസത്തിന് കൈവന്ന ഏറ്റവും പുതിയ ദൃശ്യാഖ്യാനമാണ്  മുൻ സോഷ്യലിസ്റ്റ് രാഷ്ട്രമായ ഹംഗറിയിൽ നിന്നുള്ള "സഖാവ് ഡ്രാക്കുള " . അമ്പതാം അധ്യായം പൂർത്തിയാക്കിയ ഗോവ അന്താരാഷ്ട ചലച്ചിത്രോത്സവത്തിൽ  (ഇഫി 2019)  ഈ വർഷത്തെ സിനിമ ഏതെന്ന് ചോദിച്ചാൽ എന്റെ ഉത്തരം അത് "സഖാവ് ഡ്രാക്കുള" യാണെന്നാണ്.  രാഷ്ട്രീയമായി അതൊളിപ്പിച്ചു വച്ച പ്രഹര ശേഷി മാത്രമല്ല  അതിനെ പ്രസക്തമാക്കുന്നത് . സമഗ്രാധിപത്യങ്ങളെയും അതിന് മുന്നിൽ വണങ്ങി നിൽക്കുന്ന നിശബ്ദതകളേയും അത്   ചുട്ടുപൊള്ളിക്കുന്നു. ചിന്തിപ്പിക്കുന്നു. രസിപ്പിക്കുന്നു.

വാമ്പയറുകൾ ( ചോര കുടിയ്ക്കുന്ന  രക്തരക്ഷസ്സുകൾ ) നമുക്കിടയിലുണ്ട് എന്നാണ്    "കോമ്രേഡ് ഡ്രാക്കുളീച്ചി " ന്റെ   താക്കോൽ വാചകം.
ശീതയുദ്ധകാലത്തെ (1947-1991)
എഴുപതുകളിലെ ഹംഗറിയിലേക്കാണ്  നവാഗത സംവിധായകനായ മാർക്ക് ബോഡ്സാർ നമ്മെ നയിക്കുന്നത്.

1983 ൽ സോവിയറ്റ് പതനത്തിന്റെ  തൊട്ട് മുമ്പ് മാത്രം പിറന്ന ഈ  സംവിധായകന്റെ  ഓർമ്മയുടെ പരിസരം രണ്ടാം ലോകയുദ്ധത്തിന് ശേഷം ഹംഗറിയിൽ നിലവിൽ വന്ന സ്റ്റാലിനിസ്റ്റ് സർക്കാറാണ്. 1953 ൽ സ്റ്റാലിൻ വിട പറഞ്ഞിട്ടും സ്റ്റാലിനിസ്റ്റ് യുംഗം അവസാനിക്കുന്നില്ല. ഇരുപതാം സോവിയറ്റ് പാർട്ടി കോൺഗ്രസ്സിൽ  തിരുത്തൽ വാദത്തിന്  തുടക്കമിട്ട  ക്രൂഷ്ച്ചേവ് തന്നെയാണ് 1956 ൽ ഹംഗറിയിലെ  ജനാധിപത്യവാദികൾ ഒരുക്കിയ  വസന്തത്തെ അടിച്ചമർത്താൻ  പട്ടാളത്തെ അയച്ചത്. ആ പട്ടാള ഇടപെടലിനെ  പിൻതുടർന്ന് പഴയ സ്റ്റാലിനിസ്റ്റ് മോഡൽ കമ്മ്യൂണിസ്റ്റുകാർ തന്നെ ഹംഗറിയിൽ പുനസ്ഥാപിക്കപ്പെട്ടു.  എഴുപതുകളിലെത്തിയപ്പോഴേക്കും ക്രൂഷ്ചേവ് പോയി റഷ്യയിലെ ബ്രഷ്നേവ് യുഗമായി.  അവസാനത്തെ സമ്പൂർണ്ണ ശീതയുദ്ധ ദശകമാണ് എഴുപതുകൾ . സിനിമയിൽ അതാണ് സഖാവ് ഡ്രാക്കുളയുടെ തിരിച്ചുവരവിന്റെ  കളിയരങ്ങും.

ഡ്രാക്കുളകൾ അതിജീവിച്ച     വർത്തമാനകാല ഹംഗറിയിൽ നിന്നും തുടങ്ങി എഴുപതുകളുടെ സാങ്കല്പിക സോവിയറ്റ് അധികാര ഭൂമികയിലൂടെ സഞ്ചരിച്ച് വീണ്ടും വർത്തമാനത്തിലേക്കെത്തുന്ന രീതിയാണ് സിനിമ അവലംഭിക്കുന്നത്. മുൻഡ്രാക്കുള സിനിമകളുടെ  ചട്ടക്കൂട് ഉപയോഗിച്ച് വർത്തമാന രാഷ്ട്രീയത്തെ പ്രശ്നവൽക്കരിക്കുകയാണ് സിനിമ . പടിഞ്ഞാറൻ സാമ്രാജത്വ ലോകത്ത് നിന്നും   ഹംഗറിയിലേക്ക്  തിരിച്ചെത്തുന്ന പഴയ സഖാവ് ഫാബിയന്  30 വയസ്സാണെന്നും അയാൾക്ക്   പ്രായമായിട്ടേയില്ലെന്നും  അയാൾ തന്നെയാണ് ഡ്രാക്കുളയെന്നും   നേതാവിന്റെ സംരക്ഷകരായ   ഹംഗേറിയൻ രഹസ്യ പോലീസ് തന്നെയാണ് കണ്ടെത്തുന്നത്. ആ ചാരവൃത്തിക്ക് നിയുക്തയായ മറിയയും സഖാവ് ഡ്രാക്കുളയും തമ്മിലുള്ള പ്രണയത്തിലൂടെയാണ് കഥ വികാസം പ്രാപിക്കുന്നത്. ഡ്രാക്കുളക്കും തന്നെ ചൂഷണം ചെയ്യുന്ന ഭരണകൂടത്തിനും ഇടയിൽ മറിയയുടെ തിരഞ്ഞെടുപ്പ് സങ്കീർണ്ണമായ ഒരഭ്യാസമാണ്. പഴയ കാലത്തും പുതിയ കാലത്തും. സോവിയറ്റ് പതനത്തിന് ശേഷവും അധികാരത്തിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടാകുന്നില്ലെന്ന വ്യക്ത സൂചനയാണിത്. പഴയ കമ്മ്യൂണിസ്റ്റ് രാഷ്ടത്തിന്റെ മാത്രം വിമർശനമല്ല പുതിയ ഹംഗറിയിലും അധികാരം ചെയ്യുന്നത് പഴയതൊക്കെത്തന്നെയാണെന്ന് സിനിമ പറയുന്നു.

പാവങളെയും കർഷകരെയും രക്തദാനത്തിന്റെ മഹത്വം ആഹ്വാനം ചെയ്യുന്ന സഖാവ് / നേതാവ് / ഡ്രാക്കുള ജനം ദാനം ചെയ്യുന്ന  രക്തം രഹസ്യമായി മോഷ്ടിച്ച് കുടിച്ചാണ്  പ്രായത്തെയും മരണത്തെയും അതിജീവിച്ച് ഭരണത്തിൽ നിത്യമായി  തുടരുന്നത്. സ്ത്രീകളുടെ പിൻകഴുത്തിലേക്ക് ദാഹത്തോടെയുള്ള  സഖാവിന്റെ  "നോട്ടം" എന്തെന്ന്  രഹസ്യപ്പോലീസ് തിരിച്ചറിയുണ്ട്. നേതാവ് ഡ്രാക്കുള തന്നെ എന്നുറപ്പുവരുത്താൻ രഹസ്യപ്പോലീസ് ഉപയോഗിക്കുന്ന ഛിന്നങ്ങളെല്ലാം പതിവ് ഡ്രാക്കുള സിനിമകളിൽ നിന്നുള്ള കുരിശടക്കമുള്ള മത ഛിന്നങ്ങൾ തന്നെയാണ്. വ്യക്തിയുടെ സ്വകാര്യതയിലേക്ക്  ചുഴിഞ്ഞു നോക്കുന്ന ഭരണകൂടങ്ങൾക്ക് ഒരു മാറ്റവുമുണ്ടാകുന്നില്ല . ചാര / ഡ്രാക്കുള സിനിമകളുടെ ഒരു മിശ്ര രീതിയാണ് സംവിധായകൻ ആവിഷ്ക്കാരത്തിനായി അവലംബിക്കുന്നത്.

ഒറ്റവായനയിൽ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ സിനിമയായി മുദ്രകുത്താവുന്ന "സഖാവ് ഡ്രാക്കുള " യെ പ്രസക്തമാക്കുന്നത്  അത് വിമർശനത്തിന്റെ കുന്തമുന നീട്ടുന്നത് പഴയ കാലത്തിന് നേരെ മാത്രമല്ല. വർത്തമാനത്തിന് നേരെയുമാണ്.

[ ഓർവെല്ലിയൻ ലോകം ]

ഏത് വ്യവസ്ഥയെയും സ്വാംശീകരിക്കാൻ അധികാരത്തിന്റെ ചോര കുടിച്ചു വളരുന്ന ഡ്രാക്കുകളകൾക്ക് അസാധാരണമായ ശേഷിയുണ്ട്.
വിഖ്യാത പോളിഷ് സംവിധായിക അഗ്നീസ്ക്കാ ഹോളണ്ടിന്റെ "മിസ്റ്റർ ജോൺസ് ''  ആ നിലക്ക് സഖാവ് ഡ്രാക്കുളകൾ  ഉണ്ടായതെങ്ങിനെയെന്നതിന്റെ ചരിത്രം പറയുന്ന മറ്റൊരു വിശ്രുത രചനയാണ്. രണ്ടാം ലോകയുദ്ധത്തിന് മുമ്പ് 1932 - 33 കാലത്തെ സ്റ്റാലിന്റെ  ഉക്രൈനിൽ ലക്ഷക്കണക്കിനാളുകളുടെ പട്ടിണിമരണത്തിലേക്ക് നയിച്ച മനുഷ്യ നിർമ്മിത ക്ഷാമത്തിലേക്കാണ് ആ സിനിമ കണ്ണു തുറക്കുന്നത്.   സോവിയറ്റാന്തര കാലത്ത് സോവിയറ്റ് കാല ജീവിതത്തിന്റെ കാണാക്കാഴ്ചകൾ കാണിച്ചു തന്ന ഹംഗറിയിലെ മാർത്താ മെസ്സാറോസിന് സമശീർഷ്യയാണ് പോളണ്ടിലെ അഗ്നീസ്ക്കാ ഹോളണ്ട്. സോവിയറ്റ് കാലത്ത്  പറയാനാവാതെ പോയതിന്റെ ബാക്കിപത്രമാണ് സോവിയറ്റ് പതനത്തിന് ശേഷമുള്ള അവരുടെ സിനിമകൾ.

 1917-91 കാലത്ത് രാഷ്ട്രീയ സിനിമകൾ മുഖ്യമായും ഹിറ്റ്ലർ /മുസോളിനി / ഫ്രാങ്കോ സ്വേച്ഛാധിപത്യങ്ങൾ തുറന്നു  കാട്ടുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അത്പോലെ 1991 ശേഷം സോവിയറ്റ് കാലത്തെ ഇരുമ്പുമറയ്ക്കകത്ത് എന്താണ് നടന്നതെന്ന്   ലോകത്തോട് വിളിച്ചു പറയുന്ന സിനിമകൾ ഇപ്പോൾ ഫെസ്റ്റിവലുകളിൽ ധാരാളമായി എത്തുന്നു .  കമ്മ്യൂണിസ്റ്റ്‌  ഭൂതകാലം പങ്കുവയ്ക്കുകയും റഷ്യയിലും ചൈനയിലും മഴ പെയ്യുമ്പോൾ ഇവിടെ കുടപിടിയ്കുകയും ചെയ്ത മലയാളി പ്രേക്ഷകർക്ക് ഇത് അമ്പരപ്പുളവാക്കുന്ന കാഴ്ചാനുഭവം തന്നെയാണ്.

ജോസഫ് സ്റ്റാലിൻ 29 വർഷമാണ് സോവിയറ്റ് ബ്ലോക്ക് അടക്കി ഭരിച്ചത് (1922-1953). ബ്രഷ്നേവ് 18 വർഷം (1964-1982) . മാവോ ചൈനയിൽ  24 വർഷവും (1949 - 1976)   കിം ഇൽ സൂങ്ങ് ഉത്തര കൊറിയയിൽ  46 വർഷവും  (1948 - 1994)  സിസെസ്ക്യു റുമാനിയയിൽ 21 വർഷവും  (1967 - 1989)   ചോദ്യം ചെയ്യാനാവാത്തവരും  മരണമില്ലാത്തവരുമായി വാണു. 1976 മുതൽ 79 വരെയുള്ള  വെറും മൂന്നു വർഷത്തെ കമ്മ്യൂണിസ്റ്റ് ഭരണകാലത്തിനിടയിൽ 20 ലക്ഷം പേരെ മരണത്തിലേക്ക് നയിച്ച കബോഡിയയിലെ പോൾ പോട്ട് ഭരണവും സഖാവ് ഡ്രാക്കുളയുടെ രക്തപ്രശ്നപരിസരത്തുണ്ട്. ചരിത്രം നിഷ്ഠൂരമായി കണക്ക് തീർക്കുകയാണിപ്പോൾ.  ആ അധികാരത്തിന്റെ തിക്താനുഭവങ്ങൾ ഏറ്റുവാങ്ങിയവരാണ് സിനിമയിൽ ഇപ്പോൾ പുതിയ ചരിത്രം മെനയുന്നത്. അത് 1991 വരെ കണ്ട ചരിത്രമല്ല. കഥകളുമല്ല. സ്വന്തം സഖാക്കളുടെ തന്നെ അധികാര പ്രമത്തതയാൽ  കൂട്ടക്കുരുതികൾക്ക് ഇരയായവരുടെ   വേദനകളാണത്.  ദീർഘകാലം ന്യായീകരിക്കപ്പെട്ടു പോന്ന  ചരിത്രത്തിന്റെ വാർപ്പു മാതൃകകൾ കരുണാരഹിതമായി പുതിയ തലമുറ സിനിമയിലൂടെ  പൊളിച്ചടുക്കുന്നു.

"മിസ്റ്റർ ജോൺസ് " കടന്നുപോകുന്നത് എല്ലാവരും സമന്മാരും ചിലർ കൂടുതൽ സമന്മാരുമായ ഓർവെല്ലിന്റെ  "ആനിമൽ ഫാമി "  ലൂടെയാണ് . അധികാരം മനുഷ്യരിൽ ഏല്പിക്കുന്ന ആഘാതം   ഏതതിർത്തി വരെ എത്തും എന്നതിന്റെ ചരിത്രമാണ് "മിസ്റ്റർ ജോൺസ് " . ജോർജ്ജ് . ഓർവെല്ലും ഇതിൽ കഥാപാത്രമായി വരുന്നുണ്ട്. എല്ലാം അധികാരത്തിന്റെ നോട്ടത്തിന് വിധേയമാകുന്ന , ചിന്ത പോലും കുറ്റകൃത്യമാകുന്ന സമഗ്രാധിപത്യങ്ങളുടെ കാലം തന്നെയാണ് സോവിയറ്റ് പതനത്തിന് ശേഷമുള്ള ലോക ക്രമവും ആവർത്തിക്കുന്നതെന്ന ഇരുണ്ട ലോക ചിത്രമാണ് റഷ്യയിൽ നിന്നും മുൻ സോവിയറ്റ് രാഷ്ട്രങളിൽ നിന്നുമുള്ള സിനിമകൾ പൊതുവായി പങ്കുവയ്ക്കുന്ന ആശങ്ക.

മനുഷ്യാവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളും വിമോചന സ്വപ്നങ്ങളുമെല്ലാം വിദഗ്ദമായി തട്ടിയെടുക്കപ്പെടുകയും ആ സ്വപ്നങളുടെ രക്തം കുടിച്ച് അധികാരത്തിന്റെ പുതിയ രക്തരക്ഷസ്സുകൾ  പുതിയ പുതിയ ലോക ക്രമങ്ങൾ പണിതുയർത്തുകയും ചെയ്യുന്നു. കോമ്രേഡ് ഡ്രാക്കുളിച്ചും മിസ്റ്റർ ജോൺസും അതുകൊണ്ട് തന്നെ പഴയ കാലത്തിന്റെ മാത്രമല്ല പുതിയ ലോക ക്രമത്തിന്റെയും മുന്നറിയിപ്പുകളാണ്. അധികാരത്തിന്റെ  വാമ്പയറുകൾ മറ്റെവിടെയോ അല്ല , നമുക്കിടയിൽ തന്നെയാണ്. നമ്മുടെ രക്തം കുടിച്ചാണ് അവർ മരണമില്ലാത്തവരാകുന്നത്.

ശീതയുദ്ധകാല സോവിയറ്റ് യൂണിയനിൽ   ജനം അടക്കം പറഞ്ഞ ഒരു പ്രഹേളിക  സഖാവ് ഡ്രാക്കുളയുടെ തിരിച്ചു വരവിനെ നിമിത്തമാക്കി ഒന്നുകൂടി ഓർക്കാം : ക്രെംലിൻ കൊട്ടാരത്തിലെ ഏകാന്തരാത്രികളിലൊന്നിൽ ,  വോഡ്ക്കയുടെ കെട്ടു വിട്ട് പാതി ബോധത്തിലേക്കുണർന്ന പ്രസിഡണ്ട് ബ്രഷ്നേവിന്  പൊടുന്നനെ  വിദൂര റഷ്യൻ  ഗ്രാമത്തിൽ വിപ്ലവ കാലത്ത് എപ്പോഴോ ഉപേക്ഷിച്ചു പോന്ന അമ്മയെ ഓർമ്മ വന്നു. തന്റെ പ്രതാപം അമ്മയെ കാണിയ്ക്കാൻ  പ്രസിഡണ്ടിന് ആഗ്രഹമുണ്ടായി.  ഉടൻ തന്നെ സർവ്വ സൈനിക സന്നാഹങ്ങളുമായി അദ്ദേഹം  ഗ്രാമത്തിലേക്ക് പുറപ്പെട്ടു.  യുദ്ധസമാനവും  വർണ്ണശബളവുമായ ആ യാത്ര കണ്ട്  നഗരങ്ങളും  ഗ്രാമങ്ങളും  അമ്പരന്നു .  അധികാര സോപാനത്തിലേറിയ മകൻ വർഷങ്ങൾക്ക് ശേഷം ഓർമ്മ വന്ന് തിരിച്ചെത്തിയത്  കണ്ട് വൃദ്ധയായ അമ്മ സാന്തോഷിച്ചു. തിരിച്ച് അമ്മയേയും കൊണ്ട്  ക്രെംലിനേക്ക് മടങ്ങുമ്പോൾ ബ്രഷ്നേവ് അമ്മക്ക് കാട്ടിക്കൊടുത്തു : ലോകത്തെ പലവട്ടം ചുട്ടെരിക്കാൻ ശേഷിയുള്ള ആണവായുധങളുടെ ബട്ടൺ സൂക്ഷിച്ച പെട്ടി  , എന്താക്രമണത്തിനും തന്റെ ഒരു ഉത്തരവിനായി   തയ്യാറായി നിൽക്കുന്ന സൈനിക വിന്യാസങ്ങൾ . ആഡംബര കാറുകൾ .അകമ്പടിയായുള്ള  പീരങ്കികൾ , സുരക്ഷാ വിമാനങ്ങൾ .   സാർചക്രവർത്തിമാർ  റഷ്യയെ അടക്കി വാണ ക്രെംലിൻ കൊട്ടാരം ,  ലോകപ്രശസ്ത ചിത്രകാരന്മാരുടെയും ശില്പികളുടെയും കലാരൂപങ്ങൾ, ഓച്ഛാനിച്ചു നിൽക്കുന്ന നീണ്ട പരിചാരക വൃന്ദം , സുഖഭോഗങളുടെ ഒരു പറുദീസ കാട്ടിക്കൊടുത്ത്  അഭിമാനപൂർവ്വം ബ്രഷ്നേവ് അമ്മയുടെ പ്രതികരണത്തിന് കാത്തുനിന്നു. വൃദ്ധ മാതാവ് എല്ലാം നോക്കിക്കണ്ട് മകനോട് പറഞ്ഞു:  "എല്ലാം നന്നായിട്ടുണ്ട് , പക്ഷേ മോനേ ആ കമ്മ്യൂണിസ്റ്റുകാരെങ്ങാനും തിരിച്ചു വന്നാൽ നിന്റെ ഗതിയെന്താകും ? "  ബ്രഷ്നേവ് ഇതിന് അമ്മയോട് പറഞ്ഞ മറുപടി കഥയിലില്ല . ചരിത്രത്തിലും.

കമ്മ്യൂണിസ്റ്റുകാർ തിരിച്ചു വന്നില്ല. എന്നാൽ സൂര്യസ്തമിക്കാത്തതെന്നു കരുതപ്പെട്ട കൊട്ടാരങ്ങളിലെ സിംഹാസനങളിൽ അള്ളിപ്പിടിച്ചിരുന്നവർക്ക് എന്ത് സംഭവിച്ചു എന്നതിന്റെ ചരിത്രം നമുക്ക് മുന്നിലുണ്ട്.

ഡ്രാക്കുളകൾ പുറത്തായിരുന്നില്ല, അകത്തായിരുന്നു എന്ന്  പുതിയ തലമുറയിലെ സംവിധായകർ  ഇന്ന് ലോകത്തോട്  പറയുന്നുണ്ട്:  അതിന്റെ സാക്ഷ്യങ്ങളാണ്  " കോമ്രേഡ് ഡ്രാക്കൂളീച്ച് " , മിസ്റ്റർ. ജോൺസ് എന്നീ രചനകൾ .

ഇത് യാദൃശ്ചികമല്ല.  പത്തൊമ്പതാം നൂറ്റാണ്ടിൽ , ശേഷിച്ചും 1917-1991 കാലത്ത് രാഷ്ട്രീയമായി ലോക സിനിമ മുഖ്യമായും വ്യവഹരിച്ച് ഒന്നും രണ്ടും ലോകയുദ്ധങ്ങളുടെ കാരണക്കാരായ നാസി / ഫാസിസ്റ്റുകൾക്കും മൂന്നാം ലോക / ലാറ്റിനമേരിക്കൻ  സ്വേച്ഛാധിപത്യങ്ങൾക്ക് എതിരായ പാതയിലായിരുന്നു. എന്നാൽ സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്ന കാലത്ത് തന്നെ റഷ്യയിൽ താർക്കോവ്സ്കിയും പോളണ്ടിൽ ആന്ദ്രേ വയ്ദയും യുഗോസ്ലാവിയയിൽ ദ്യൂസൻ  മക്വജേവും ഹംഗറിയിൽ യാൻസ്കോയുമൊക്കെ തുടക്കമിട്ട സ്റ്റാലിനിസ്റ്റ് മാതൃകയുടെ വിമർശനം 1991 ൽ സോവിയറ്റ് പതനത്തോടെ  "കമ്മ്യുണിസം എന്ന
ഭൂതം " അതിന്റെ തന്നെ മക്കളെ കൊന്നു തിന്നു തുടങ്ങിയതിന്റെ ചരിത്രമാണ്  കുഴിച്ചെടുക്കാൻ തുടങ്ങിയത്.  അതിനെ കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്നു മുദ്രകുത്തി മുന്നോട്ടുപോകാനാകില്ല. കാരണം കമ്മ്യൂണിസം എന്ന സ്വപ്നത്തിൽ   വിശ്വസിച്ചു ജീവിച്ച ജനതകൾക്ക് അതെന്താണ് തിരിച്ചു കൊടുത്തത് എന്നതിന്റെ   കണക്ക് എടുക്കപ്പെട്ടുകൊണ്ടിരിക്കുന്നതേയുള്ളു. ഏഴ് പതിറ്റാണ്ട് കാലത്തെ  നിശബ്ദതയുടെ കഥകളാണ് ഇപ്പോൾ പല രീതികളിൽ പറയപ്പെട്ടുകൊണ്ടിരിക്കുന്നത്. ലേബർ ക്യാമ്പുകളിലും ചിത്തരോഗാസ്പത്രികളിലും കോൺസന്റേട്രേഷൻ ക്യാമ്പുകളിലും  അടക്കി നിർത്തപ്പെട്ട കാലത്തിന്റെ വിമ്മിഷ്ടങ്ങളും പൊട്ടിത്തെറികളും രോഷപ്രകടനങ്ങളും കരച്ചിലുകളും ഒക്കെ അതിലുണ്ട്. അത് സഹിഷ്ണുതയോടെ ലോകം അത് കണ്ടേ തീരൂ.കേട്ടേ തീരൂ. റഷ്യ പ്രധാന പങ്കാളിത്ത രാഷ്ട്രമായ ഇഫി ഗോവയിൽ മുൻ സോവിയറ്റ് രാഷ്ടങളിൽ നിന്നുള്ള സിനിമകൾ  പല നിലക്കും നമ്മുടെ ഭൂതകാലത്തിന്റെ വിചാരണയാണ്.  അത് നേരിട്ടേ തീരൂ. ഒരു വലിയ സ്വപ്നത്തിന്റെ പതനത്തിന്റെ ചരിത്രം  രേഖപ്പെടുത്തുന്നു അത് . കുഴിമാടങ്ങളിൽ നിന്നുള്ള എഴുന്നേറ്റ് നിൽക്കലാണത്.

" ഭൂതകാലത്തിന്റെ മാത്രം കഥയല്ല എന്റെ സിനിമ . അത് വർത്തമാനത്തിന്റെയും അധികാരത്തിന്റെയും കഥയാണ് " - മാർക്ക് ബോഡ്സാർ പറയുന്നു.