Saturday, June 8, 2013

അര്‍ധനാരീശ്വരന്‍

അര്‍ധനാരീശ്വരന്‍
Posted on: 09 Jun 2013

ദീദി/പ്രേംചന്ദ്‌


സ്ത്രീ പുരുഷ കാഴ്ചകള്‍ക്കപ്പുറത്തേക്ക് 'കാണി'യെ നയിച്ച അര്‍ധനാരീശ്വര
പ്രതിഭയാണ് ഋതുപര്‍ണഘോഷിന്റേത്. അതിര്‍വരമ്പുകളെ ഋതു മായ്ച്ചുകളഞ്ഞത് സ്വന്തം സിനിമകള്‍കൊണ്ട് മാത്രമല്ല, ജീവിതംകൊണ്ട് കൂടിയായിരുന്നു
-മൈക്കിള്‍ ജാക്‌സണെപ്പോലെ.

ഋതുപര്‍ണ ഘോഷിന്റെ ജീവിതത്തെയും
സിനിമകളെയും കുറിച്ച് ...



മൈക്കിള്‍ ജാക്‌സണ്‍ ജനിച്ചത് കറുത്തവനായിട്ടാണെങ്കിലും പാട്ടില്‍ വളര്‍ന്നത് കറുത്തവനോ വെളുത്തവനോ ആയിട്ടല്ല. കറുപ്പും വെളുപ്പുമായിരുന്നു മൈക്കിള്‍ ജാക്‌സണ്‍. ആണും പെണ്ണുമായിരുന്നു. നൂറ്റാണ്ടുകള്‍ പണിതീര്‍ത്ത കറുപ്പിന്റെയും വെളുപ്പിന്റെയും ആണിന്റെയും പെണ്ണിന്റെയുമൊക്കെ അതിര്‍വരമ്പുകള്‍ മായ്ചുകളഞ്ഞ ജീവിതവും സംഗീതവുമായിരുന്നു ജാക്‌സണിന്റേത്. ആ ഋതുപരിണാമം ഒരു വ്യക്തിക്ക് എത്രമേല്‍ താങ്ങാനാവുമെന്നത് ഒരു പ്രശ്‌നമാണ്. കുരിശു മരണം പോലെ മൈക്കിള്‍ നേരത്തേ പോയി. മൈക്കിള്‍ സംഗീതത്തില്‍ സൃഷ്ടിച്ചതാണ് ഋതുപര്‍ണഘോഷ് ഇന്ത്യന്‍ സിനിമയില്‍ നിര്‍വഹിച്ചത്. ലിംഗപദവിയുടെ അതിര്‍വരമ്പുകളില്‍ സ്വന്തം ജീവിതംകൊണ്ടും സിനിമകൊണ്ടും ഒരു വിപ്ലവംതന്നെ അരങ്ങേറ്റുകയായിരുന്നു ഋതു. 

പുരുഷകല


ഇന്ത്യയിലെന്നും പുരുഷകലയായിരുന്നു സിനിമ. 100 വയസ്സ് പിന്നിട്ട ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായ 99 ശതമാനം സിനിമകളുടെയും അന്തര്‍ധാര അതൊരു പുരുഷനിര്‍മിതിയാണ് എന്നതാണ്. നിര്‍മാണം, സംവിധാനം, ഛായാഗ്രഹണം, സന്നിവേശം, വിതരണം, പ്രദര്‍ശനം, പരസ്യം, വിപണി, താരം എന്നുവേണ്ട അതിനെ നിയന്ത്രിക്കുന്ന സകലമാന സങ്കല്പനോപാധികളുടെയും കടിഞ്ഞാണ്‍ പുരുഷന്മാരിലും പുരുഷസങ്കല്പങ്ങളിലുമാണ്. നാം സൃഷ്ടിച്ച മഹാരഥന്മാരുടെ സൃഷ്ടികളും ഇതില്‍ അപവാദങ്ങളായിട്ടില്ല. സ്ത്രീകളോടും ദളിതരോടും ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ട മറ്റ് ലൈംഗികവിഭാഗങ്ങളോടുമൊക്കെ അനുഭാവമുള്ള സിനിമകളുണ്ടായിട്ടില്ലെന്നല്ല. ഒരു ശതമാനത്തോളം മാത്രം വരുന്ന സ്ത്രീകളെടുത്ത സിനിമകള്‍ പരിശോധിച്ചാലും ഇത്തരം അനുഭവങ്ങള്‍ക്കപ്പുറത്തേക്ക് ഉള്ളടക്കത്തില്‍, നോട്ടങ്ങളില്‍, കാഴ്ചകളില്‍ അവയ്ക്ക് വിഭിന്നമായൊരു ദാര്‍ശനികതലം സൃഷ്ടിച്ചെടുക്കാനായത് വിരളമായിട്ടാണ്. തീരുമാനമെടുക്കപ്പെടുന്ന ഇടങ്ങളെല്ലാം പുരുഷന്റെ നിയന്ത്രണത്തിലാണെന്നതാണ് പ്രശ്‌നം.
വോട്ടവകാശമെന്നത് തുല്യാവകാശത്തിനുള്ള ലൈസന്‍സല്ലെന്ന് സ്വതന്ത്ര ഇന്ത്യ നമ്മെപഠിപ്പിച്ചിട്ടുണ്ട്. നമ്മുടെ ദൃശ്യപാഠശാലകളായ സിനിമകള്‍ ഇവിടെ എഴുതിയ ചരിത്രമെന്നത് പുരുഷനോട്ടങ്ങളുടെ ദൃശ്യാധികാരം തന്നെയാണ്. അത് സൃഷ്ടിക്കുന്ന അറിവുകളിലാണ് നമ്മുടെ ഫിലിം ഇന്‍ഡസ്ട്രി നടന്നുപോകുന്നത്. ഇതിനുള്ളില്‍ നിന്ന് അതിനൊരു തിരുത്തോ മറുമൊഴിയോ സൃഷ്ടിക്കുകയെന്ന ദുഷ്‌കരമായ ചരിത്രദൗത്യം നിര്‍വഹിച്ച വിപ്ലവകാരിയാണ് ഋതുപര്‍ണഘോഷ്. ഘോഷിന് അതുകൊണ്ടുതന്നെ മുന്‍ഗാമികളില്ല. ടാഗോറിന്റെയും സത്യജിത്ത് റായിയുടെയും പിന്‍ഗാമിയായി ലോകസിനിമയില്‍ സ്വന്തം ഇടം പണിത സംവിധായകനെന്ന നിലയ്ക്ക് സ്വന്തം സിനിമകളുടെയും സ്വന്തം ശരീരത്തിന്റെയും ഭൂതകാലത്തോട് വേര്‍പിരിഞ്ഞാണ് ഋതുപര്‍ണഘോഷ് സിനിമയിലെ ലിംഗാധികാരങ്ങളില്‍ ഒരു ഋതുപരിണാമത്തിന് തുടക്കമിട്ട് നവതരംഗം തീര്‍ത്തത്.
ആണത്തം എന്ന ഭാരം സ്വയം കൈയൊഴിഞ്ഞുകൊണ്ടാണ് ഋതു ഈ കലാപത്തിന് തുടക്കംകുറിച്ചത്. ആദ്യം ആണിലെ പെണ്ണിനെ വളര്‍ത്തിയെടുത്തത്. പിന്നെ പെണ്ണായിത്തന്നെ പരിണമിച്ചത്. ഒടുവില്‍ ആണിനും പെണ്ണിനുമപ്പുറത്തേക്ക് വളര്‍ന്ന്,അതിന്റെ അതിര്‍ത്തികളും ചട്ടക്കൂടുകളും മായ്ച് പുറത്തുകടന്നു.

'മൂന്നാം ലിംഗമാണ്' എന്നു പറയുന്നതുപോലും ഋതുപര്‍ണഘോഷ് എന്ന പ്രതിഭയെ ചുരുക്കിക്കെട്ടലാകും. കാരണം സ്വന്തം ലിംഗപദവിയെന്നത് സ്വന്തം തിരഞ്ഞെടുപ്പുകൂടിയാണെന്ന് സ്ഥാപിച്ച ഋതു അതിനെ ഒന്നായും രണ്ടായും ഒന്നും രണ്ടും ചേര്‍ന്ന 'ഇമ്മിണി വല്യ ഒന്നായും' മൂന്നായും ഒരേ സമയം ഓരോരുത്തര്‍ക്കും ഓരോ രീതിയില്‍ തിരഞ്ഞെടുത്ത് ആവിഷ്‌കരിക്കാവുന്ന ഒന്നായും സ്വന്തം സിനിമകളില്‍ വരച്ചുകാട്ടിയിട്ടുണ്ട്. ആണത്തം/പെണ്ണത്തം എന്ന ദ്വന്ദ്വത്തെ ഏകശിലാഭാവമാക്കി മാറ്റുന്ന ചലച്ചിത്ര ചരിത്രത്തിന്റെ പൊളിച്ചെഴുത്തായിരുന്നു അത്. ഇന്ത്യന്‍ സിനിമയിലെ ആണ്‍/പെണ്‍ സിനിമകളുടെ മുഖ്യധാരയില്‍ത്തന്നെ വരുത്തിയ ഈ തിരുത്തിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ ഇനി വരുംതലമുറ കൊയ്യാനിരിക്കുന്നതേയുള്ളൂ. തന്റെ അവസാനത്തെ മൂന്നുവര്‍ഷത്തെ സിനിമകളിലൂടെയാണ് ഈ ഭൂതകാലനിരാസം ഋതു യാഥാര്‍ഥ്യമാക്കിയത്. അത് ഒരേസമയം ഉള്ളോട്ടും പുറത്തോട്ടും തിരിഞ്ഞ കലാപമായിരുന്നു. അത് പെട്ടെന്ന് മനസ്സിലാക്കപ്പെടാതെ തെറ്റിവായിക്കപ്പെട്ടിട്ടുമുണ്ട്. കാരണം ചലച്ചിത്രവായനയും നിര്‍മാണമെന്നപോലെ ആണ്‍നോട്ട പ്രത്യയശാസ്ത്രങ്ങളാല്‍ രൂഢമൂലമായിപ്പോയതാണ്. ഭിന്ന ലൈംഗികതകളെ പൊതുസമൂഹവും അതിന്റെ മനഃശാസ്ത്രവും മുദ്രകുത്തി ഓരങ്ങളിലേക്ക് ഒതുക്കുന്നത്‌പോലുള്ള വായനകള്‍ ഋതുപര്‍ണഘോഷ് പ്രതിഭാസത്തിനുംആ പ്രതിഭ മരിച്ചിട്ടും നേരിടേണ്ടിവന്നിട്ടുണ്ടെന്ന് പല വായനകളും തെളിവു നല്‍കും. ഋതു ആണോ പെണ്ണോ അതോ മൂന്നാമത്തെ ലിംഗമോ യെന്ന നിഗൂഢമായ മൃതദേഹ പരിശോധനയായിരുന്നു മരണാനന്തരം പുറത്തുവന്ന പല 'സ്റ്റോറി'കളും.

മറ്റൊരു പ്രണയകഥ

2010-ല്‍ 'മറ്റൊരു പ്രണയകഥ' എന്ന സിനിമയിലൂടെയാണ് ഒരു പുരുഷസംവിധായകന്‍ എന്ന സ്വന്തം ലിംഗപദവിക്ക് ഋതു തിരശ്ശീലയിടുന്നത്. അത് ഋതു തിരക്കഥയെഴുതി, നിര്‍മിച്ച്, പെണ്ണായും പുരുഷാനുരാഗിയായ മൂന്നാംലിംഗ സംവിധായകനായും ഇരട്ടവേഷത്തില്‍ അഭിനയിച്ച് കൗഷിക് ഗാംഗുലിയെ സംവിധാനം ഏല്പിച്ച ചിത്രമായിരുന്നു. സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ സ്ഥാനത്തും ഋതു ഇരുന്നു. ബംഗാളില്‍ സ്ത്രീകള്‍ക്ക് നാടകവേദി വിലക്കപ്പെട്ടിരുന്ന കാലത്ത് നാലുപതിറ്റാണ്ടോളം അവിടെ പെണ്‍വേഷം കെട്ടിയാടിയ ചപ്പല്‍ ബാദുരിയെന്ന മൂന്നാംലിംഗ കലാകാരന്റെ ജീവിതകഥ പറയുവാനാണ് ഋതു 'മറ്റൊരു പ്രണയകഥ' ഒരുക്കിയത്. ചപ്പല്‍ ബാദുരിയെക്കുറിച്ചെടുക്കുന്ന ഡോക്യുമെന്ററിയുടെ സംവിധായകനായാണ് ഋതുവിന്റെ ഒരു വേഷം. ചപ്പല്‍ ബാദുരിയായി അദ്ദേഹം തന്നെ വെള്ളിത്തിരയിലെത്തുമ്പോള്‍ അദ്ദേഹം അവതരിപ്പിച്ച പെണ്‍വേഷങ്ങള്‍ കെട്ടിയാടുന്ന ഭൂതകാലം ഋതുപര്‍ണഘോഷ് തന്നെ ചെയ്യുന്നു. ചപ്പല്‍ ബാദുരിയുടെ ജീവിതം ഋതുപര്‍ണഘോഷിന്റെ ജീവിതത്തിലേക്കും കയറിവരികയാണ്.
2010-ല്‍ ഗോവയില്‍ 'മറ്റൊരു പ്രണയകഥ' അന്താരാഷ്ട്ര മത്സരവിഭാഗത്തിലായിരുന്നു. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അതിന് മികച്ച സിനിമ, മികച്ച സംവിധാനം മികച്ച നടന്‍/നടി എന്നീ പ്രതീക്ഷകളുണ്ടായിരുന്നുവെന്ന് ജൂറിമാരിലൊരാളായ ചലച്ചിത്ര നിരൂപകന്‍ ബി.ബി. നാഗ്പാല്‍ ഗോവയില്‍വെച്ച് പറഞ്ഞിരുന്നു. എന്നാല്‍ പുരസ്‌കാരം നേടിയത് ഗൗതം ഘോഷിന്റെ 'മോനേര്‍ മാനുഷ്' ആയിരുന്നു. 'മറ്റൊരു പ്രണയം' പ്രത്യേകജൂറി പുരസ്‌കാരം മാത്രം നേടി.

ഇവിടെ ഇരുട്ടില്‍ നില്‍ക്കുന്ന ജൂറിമാരേക്കാളേറെ നമ്മുടെ പ്രയോഗിക്കപ്പെട്ട നാട്യശാസ്ത്ര സങ്കല്പങ്ങളാണ് പ്രതി. അര്‍ധനാരീശ്വര സങ്കല്പം നമുക്കുള്ളതായിരുന്നു. നടനത്തിന്റെ പാരമ്യമായ നടരാജന്‍ സ്ത്രീയും പുരുഷനും ചേര്‍ന്നതാണ്. എന്നാല്‍ അഭിനയത്തിലെ ഈ ധാര ആണ്‍/പെണ്‍ വിഭജനത്തിലൂടെ അരക്കിട്ടുറപ്പിക്കുന്ന മറ്റൊരു പാരമ്പര്യത്തിനാണ് വഴിമാറിയത്. ഇതനുസരിച്ച് വ്യത്യസ്തതകള്‍ക്ക് ഇവിടെ അംഗീകാരമല്ല, തിരസ്‌കാരമാണ് നേരിടാനുള്ളത്. മികച്ച നടനോ നടിക്കോ മാത്രമേ സിനിമയില്‍ സാധ്യതയുള്ളൂ, അംഗീകാരങ്ങളുള്ളൂ. ആണിനും പെണ്ണിനുമപ്പുറത്തുള്ള മറ്റൊരു ലിംഗസാധ്യതകളെയും പ്രയോഗത്തിലിരിക്കുന്ന നാട്യശാസ്ത്രം കണക്കിലെടുക്കുന്നേയില്ല.
മികച്ച നടനുള്ള പുരസ്‌കാരമോ നടിക്കുള്ള പുരസ്‌കാരമോ നല്‍കിയാലും അത് ശരിയാകുമെന്നു വിചാരിക്കാനുമാകില്ല. നടന്റെയോ നടിയുടെയോ വേഷമോ മനസ്സോ ആയിരുന്നില്ല ഋതു ആവിഷ്‌കരിച്ചത്. അതു മനസ്സിലാക്കാന്‍ അര്‍ധനാരീശ്വരനെ, നടരാജനെ അറിയുന്ന നാട്യശാസ്ത്രം തന്നെ ആവശ്യമായിരുന്നു. 2010-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഏറ്റവും വലിയ ആകര്‍ഷണവും ഏറ്റവും വലിയ ചര്‍ച്ചാവിഷയവും ഏറ്റവും വലിയ വിപ്ലവവുമായിരുന്ന ചലച്ചിത്രം അങ്ങനെ ഏറ്റവും വലിയ അംഗീകാരങ്ങളുടെ പട്ടികയില്‍ ഇടം കണ്ടെത്താതെ പോയി. ലോകസിനിമയില്‍ പലഭാഷകളില്‍ നിന്ന് ഇത്തരം തുറന്നുകാട്ടലുകളുണ്ടായിട്ടുണ്ട്. സ്‌പെയിനില്‍ നിന്നുള്ള പെഡ്രോ അല്‍മൊദോവാര്‍ സിനിമകള്‍ ഒരര്‍ഥത്തില്‍ ഋതുപര്‍ണഘോഷിന്റെ ഭൂമികയില്‍ വരുന്നവയാണ്. എന്നാല്‍ മുല്ല മുറ്റത്ത് പൂത്തപ്പോള്‍ നാമത് കാണാതെപോയി.

ടാഗോര്‍, റായി, ഋതു


1994-ല്‍ ഋതുപര്‍ണഘോഷിനെ ഇന്ത്യന്‍ ചലച്ചിത്ര ഭൂപടത്തില്‍ അടയാളപ്പെടുത്തിയ 'ഉനിഷെ ഏപ്രില്‍' തൊട്ട് ബംഗാളില്‍ നവസിനിമക്കാരുടെ പുതിയൊരു നക്ഷത്രമുദിക്കുകയായിരുന്നു. റേ, മൃണാള്‍സെന്‍, ശ്യാംബെനഗല്‍ പരമ്പരയ്ക്ക് ശേഷം ഒരു 'മാസ്റ്റര്‍ ടച്ചി'ന്റെ അഭാവം ഇന്ത്യന്‍ സിനിമകളില്‍ അനുഭവിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു ഋതു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലൂടെ ഋതു ആ പ്രതീക്ഷകളെ കെടാതെ വളര്‍ത്തി. കാലത്തിന്റെ ഋതുക്കള്‍ക്കൊപ്പം സ്വയം മാറാനുള്ള കഴിവായിരുന്നു ഇതില്‍ നിര്‍ണായകം.
പഴയ ദില്ലി ചലച്ചിത്രോത്സവങ്ങളുടെ സ്മരണകളില്‍ വ്യത്യസ്തമായ ജുബ്ബയുമണിഞ്ഞെത്തുന്ന ഋതുപര്‍ണഘോഷ് ഒരു തീപ്പൊരി തന്നെയായിരുന്നു. ദില്ലി സിരിഫോര്‍ട്ട് അങ്കണത്തില്‍ ഒരു മലയാള സിനിമ കണ്ടു കഴിഞ്ഞുള്ള ഇടവേളയില്‍ ഋതുവിന് ചുറ്റും ഒരഭിപ്രായമെടുക്കാന്‍ കൂടി നിന്നപ്പോള്‍ നിര്‍ത്തിപ്പൊരിക്കുകയാണ് ചെയ്തത്: ''എന്തിനാണ് നിങ്ങള്‍ ഇത്തരം കള്ളനാണയങ്ങളെ ദില്ലിക്ക് കയറ്റി അയയ്ക്കുന്നത്? എന്തൊരു ആഴം കുറഞ്ഞ സിനിമകളാണ് നിങ്ങളെടുക്കുന്നത്! മലയാള സിനിമയുടെ നല്ലകാലം അവിടെ കഴിഞ്ഞോ?''
മലയാളിയുടേതല്ലാത്ത കണ്ണിലൂടെ മലയാള സിനിമയില്‍ എന്തുണ്ട് എന്നു നോക്കുന്ന ശീലം അവിടെനിന്ന് ഋതുപര്‍ണഘോഷിനെ പിന്‍തുടരുന്നതിലൂടെ പഠിച്ചു തുടങ്ങുകയായിരുന്നു.
പതുക്കെപ്പതുക്കെ ഓരോ ചലച്ചിത്രോത്സവം പിന്നിടുമ്പോഴും ഋതുപര്‍ണഘോഷ് മാറിമാറിവരികയായിരുന്നു. നടത്തത്തില്‍ മാത്രമുണ്ടായിരുന്ന ആ ഇത്തിരി സൈ്ത്രണത പതുക്കെ സ്ത്രീഭാവങ്ങള്‍ ഉള്‍ക്കൊണ്ടുതുടങ്ങി. പരിണാമം വേഷത്തില്‍ നിന്നും ഭാവത്തിലേക്ക് മാറി. ഇന്ത്യന്‍ സിനിമയിലെ വന്‍ നായികമാര്‍ക്ക് ഏറ്റവും വലിയ ഇടം പണിതു ഋതു സ്വന്തം സിനിമകളില്‍. അമിതാഭ് ബച്ചനോടൊപ്പം ലാസ്റ്റ് ലിയര്‍ ചെയ്തു. പുരസ്‌കാരങ്ങളുടെ പട്ടിക ഇങ്ങനെ: പന്ത്രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍, 1998-ല്‍ 'ദഹനും' 2005-ല്‍ 'റെയിന്‍കോട്ടും' കാര്‍ലോപാരി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള ക്രിസ്റ്റല്‍ ഗ്ലോബ്, 2003- ല്‍ 'ചോക്കര്‍ബാലി'യും 2005-ല്‍ 'അന്തര്‍ മഹലും' കാര്‍ലോവാരിയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലെപ്പേഡ്..., ഓരോ ഋതുപര്‍ണഘോഷ് ചിത്രവും ഒപ്പം ആ കലാകാരനും ലോകമെങ്ങുമുള്ള മികച്ച ചലച്ചിത്രോത്സവങ്ങളില്‍ പ്രിയങ്കരമായി.

ചിത്രാംഗദ


2011-ല്‍ സ്വയം തിരക്കഥയെഴുതി പ്രധാനവേഷമണിഞ്ഞ് സഞ്ജയ് നാഗ് സംവിധാനം ചെയ്ത 'മെമ്മറീസ് ഇന്‍ മാര്‍ച്ചും' 2012-ല്‍ എഴുതി സംവിധാനം ചെയ്ത് ഇരട്ടവേഷത്തില്‍ വേഷമിട്ട ചിത്രാംഗദയും വന്നതോടെ ഋതുപര്‍ണഘോഷ് ഇന്ത്യന്‍ സിനിമയില്‍ ഒരു നവലിംഗ പ്രസ്ഥാനത്തിനുതന്നെ അടിത്തറയിട്ടു. 'മെമ്മറീസ് ഇന്‍ മാര്‍ച്ചി'ല്‍ മകന്റെ അപകടമരണത്തെത്തുടര്‍ന്ന് കല്‍ക്കത്തയിലെത്തുന്ന ഒരമ്മയ്ക്ക് അവിടെ അഭിമുഖീകരിക്കേണ്ടിവരുന്നത് മകന്റെ സ്വവര്‍ഗാനുരാഗിയായ ആണ്‍കൂട്ടുകാരനെയാണ്. ആണിലെ പെണ്‍ഭാവവുമായാണ് ഋതു ഇവിടെ ഭാവപ്പകര്‍ച്ചയാടുന്നത്.

'ചിത്രാംഗദ'യിലാകട്ടെ ഋതു ടാഗോറിലേക്ക് തിരിച്ചെത്തുകയാണ്. ആണായി വളര്‍ത്തപ്പെട്ട ചിത്രാംഗദയിലെ പെണ്‍ഭാവങ്ങളുടെ വെളിപാടുകളാണ് സിനിമയില്‍ ആണ്‍പെണ്‍ ലിംഗാധികാരങ്ങളെ പ്രശ്‌നവത്കരിക്കുന്നത്. ടാഗോറിന്റെ 'ചിത്രാംഗദ'യ്ക്ക് ദൃശ്യപാഠം ഒരുക്കുന്ന സ്വവര്‍ഗാനുരാഗിയായ നൃത്തസംവിധായകനായും ചിത്രാംഗദയായും ഇരട്ടവേഷത്തിലാണ് ഋതു ഇതില്‍. കൂട്ടുകാരനോടുള്ള പ്രണയസമര്‍പ്പണത്തിനായി അവന്റെ എതിര്‍പ്പുകളെപ്പോലും മറികടന്ന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന സ്വവര്‍ഗാനുരാഗിയായ നൃത്തസംവിധായകന്‍ ആ മാറ്റത്തിനിടയില്‍ സ്വന്തം അച്ഛനമ്മമാരുടെ കണ്ണിലൂടെ തന്നെത്തന്നെ വിചാരണ ചെയ്യുന്നു. പെണ്ണാവുകയെന്ന പരിണാമത്തിലേക്ക് ശസ്ത്രക്രിയയിലൂടെ എത്തിച്ചേരാന്‍ മോഹിക്കുന്ന വേളയില്‍ കൂട്ടുകാരന്റെയും അവന്റെ കാമുകിയുടെയും സ്വന്തം അച്ഛനമ്മമാരുടെയും മുന്നില്‍ അയാള്‍ തോറ്റുപോകുന്നു. ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറാനുള്ള ശ്രമം പാതിവഴിയിലുപേക്ഷിച്ച് ഒരു നൂല്‍പ്പാലത്തിലൂടെയെന്നോണം ലിംഗ പദവിയുടെ കീറിമുറിയ്ക്കലുകളിലൂടെ സാഹസികമായി യാത്ര തുടരുന്ന ആ കഥാപാത്രം ഇന്ത്യന്‍ സിനിമയ്ക്ക് അതുവരെ അനുഭവിക്കാന്‍ കഴിയാത്ത സൗന്ദര്യദര്‍ശനമാണ് നല്‍കിയത്. ഒരു നിമിഷംപോലും അപഹാസ്യതയിലേക്ക് വഴുതിപ്പോകാത്ത ആ അഭിനയമികവിനെ നമസ്‌കരിക്കാതെ 'ചിത്രാംഗദ' കണ്ടുതീര്‍ക്കാനാവില്ല. ലിംഗ പദവിയുടെ ഭാരങ്ങളെ ഇങ്ങനെ ഉള്ളകം വെളിവാക്കും മട്ടില്‍ പ്രശ്‌നവത്കരിച്ച മറ്റൊരു സിനിമയും കഴിഞ്ഞ 100 വര്‍ഷത്തെ ഇന്ത്യന്‍ സിനിമ രേഖപ്പെടുത്തിയിട്ടില്ല.

സ്വന്തം ശരീരത്തെ മൈക്കിള്‍ ജാക്‌സനെന്നപോലെ ഒരു പരീക്ഷണ വസ്തുകൂടിയാക്കി മാറ്റിയ ഋതു ശാരീരികമായ ഒട്ടേറെ പീഡനങ്ങളനുഭവിച്ചിരുന്നു. ഹോര്‍മോണ്‍ ചികിത്സകളും പെണ്ണായി മാറാനുള്ള ശസ്ത്രക്രിയകളുമെല്ലാം ഋതുവിനെ വ്യക്തിപരമായി തളര്‍ത്തിയിരുന്നു എന്നുവേണം കരുതാന്‍. ആ ജീവിതത്തെ മരണത്തിന് വേഗത്തില്‍ തിരിച്ചെടുക്കാന്‍ അത് വഴിയൊരുക്കുകയായിരുന്നോ?
മലയാളസിനിമയുടെ വര്‍ത്തമാനകാലത്തില്‍ നിന്ന് ഋതുപര്‍ണഘോഷിന്റെ സിനിമയിലേക്ക് എത്തിപ്പിടിക്കാനാവാത്തത്ര ഉയരമുണ്ട്. അതുകൊണ്ടാണ് ഒരു പ്രമുഖ ചലച്ചിത്രകാരന്റെ ഡോക്യുമെന്ററിയുടെ പ്രകാശനംനടക്കുന്ന ചടങ്ങില്‍ ഋതുപര്‍ണഘോഷ് മരിച്ച വിവരം ഒരു ഞെട്ടലോടെ അറിഞ്ഞിട്ടും അതിന്റെ സംഘാടകര്‍ക്ക് ഒരു നിമിഷത്തെ മൗനത്തിന്റെ ആദരവര്‍പ്പിക്കാന്‍പോലും കനിവുണ്ടാകാതെ പോയത്. നായകന്മാരുടെ ഹ്രസ്വദൃഷ്ടിക്കനുസരിച്ച് മാത്രം സിനിമയെടുക്കാന്‍ ധൈര്യപ്പെടുന്ന സാറ്റലൈറ്റ് മാര്‍ക്കറ്റ് സിനിമകളുടെ ഇക്കാലത്ത് ഋതു ഇവിടെ സൃഷ്ടിച്ച വിപ്ലവത്തിന്റെ അര്‍ഥം തിരിച്ചറിയാന്‍ മലയാളത്തിനും ഇനിയുമെത്രയോ നാള്‍ കാത്തിരിക്കേണ്ടതായിവരും.
ആശാവഹമായ മാറ്റം ആ സൃഷ്ടികള്‍ ആവേശത്തോടെ കാണുന്ന ഒരു മലയാളസമൂഹം ഇവിടെ രൂപംകൊണ്ടിട്ടുണ്ട് എന്ന വസ്തുതയാണ്. മാറ്റത്തിന്റെ കണ്ണുകള്‍ അന്ധമായ നമ്മുടെ ചലച്ചിത്രചരിത്രം വിചാരണ ചെയ്യുന്നകാലം അത്രദൂരത്തൊന്നുമാകില്ല എന്ന ആശ്വാസം അത് ഭാവിയുടെ 'കാണി'യ്ക്ക് പകരുന്നുണ്ട്.