Monday, May 18, 2015

മരണത്തെക്കാള്‍ ഭയാനകം ഈ ജീവിതം

https://www.facebook.com/prempchand
മരണത്തെക്കാള്‍ ഭയാനകം ഈ ജീവിതം
Posted on: 19 May 2015


ബലാത്സംഗം എന്ന നിഷ്ഠുരതയുടെ ജീവിക്കുന്ന പ്രതീകമായിരുന്നു അരുണ ഷാന്‍ബാഗ്. വിവാഹത്തലേന്ന് പട്ടിയുടെ ചങ്ങലയാല്‍ കഴുത്തില്‍ കുരുക്കിടപ്പെട്ട് ബലാത്സംഗത്തിനിരയായ അരുണ 42 വര്‍ഷം അബോധാവസ്ഥയില്‍ക്കഴിയാന്‍ വിധിക്കപ്പെട്ടശേഷമാണ് ഇപ്പോള്‍ മരണംവരിച്ചിരിക്കുന്നത്. ജീവച്ഛവം എന്ന വാക്കിന് ഭാഷാനിഘണ്ടുക്കള്‍ നല്‍കിക്കാണുന്ന അര്‍ഥങ്ങള്‍ക്കപ്പുറമുള്ള ദുരിതപൂര്‍ണമായൊരു ജീവിതമാണ് അരുണയ്ക്ക് കിടപ്പുരോഗിയായി നയിക്കേണ്ടിവന്നത്. മുറിവേല്‍പ്പിക്കുന്ന ഓര്‍മപ്പെടുത്തലായുള്ള ആ ജീവിതംകണ്ട് ഇന്ത്യയില്‍ ബലാത്സംഗം ഇല്ലാെതപോയിട്ടില്ല. ഡല്‍ഹിയില്‍ ഭരണമാറ്റമുണ്ടാക്കിയ നിര്‍ഭയയുടെ ജീവിതവുംകടന്ന് ആ ചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അരുണയെ ഈയവസ്ഥയിലാക്കിയ സോഹന്‍ലാല്‍ ഭര്‍ത്ത വാല്മീകി എന്ന ബലാത്സംഗക്കാരന്‍ ഏഴുവര്‍ഷത്തെ തടവുശിക്ഷ പിന്നിട്ട് ഇന്നു സുഖജീവിതം നയിച്ചുകൊണ്ടിരിക്കുകയാണ്. അരുണ നരകിച്ചത് ഒരായുഷ്‌കാലവും. ബലാത്സംഗത്തെ മാത്രമല്ല അരുണയുടെ ജീവച്ഛവജീവിതം പ്രശ്‌നവത്കരിച്ചിട്ടുള്ളത്; മരിക്കാനുള്ള അവകാശത്തെക്കൂടിയാണ്. ഭൂമിയിലേക്ക് സുബോധത്തോടെയുള്ള തിരിച്ചുവരവ് അസാധ്യമെന്ന് ആധുനികവൈദ്യശാസ്ത്രത്തിനു വിധിയെഴുതാനാകുമെങ്കില്‍ അങ്ങനെയുള്ളൊരു ജീവനെ ആ ശരീരത്തില്‍ നിലനിര്‍ത്തണോ വേണ്ടയോ എന്നത് ധാര്‍മികവും നിയമപരവും രോഗചികിത്സാസംബന്ധിയുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. മരണത്തെക്കാള്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം ജീവിതംതന്നെയാണു വലുത്. ജീവന്‍ നിലനിര്‍ത്താനുള്ള സാധ്യതയ്ക്കായി പരമാവധി ചെയ്യാനും മനുഷ്യര്‍ക്കു കഴിയണം. അന്തസ്സോടെ ജീവിക്കുകയെന്നത് മനുഷ്യരുടെ അവകാശംതന്നെയാണ്. എന്നാല്‍, അന്തസ്സും അഭിമാനവും നഷ്ടപ്പെടുത്തിക്കൊണ്ട്, യന്ത്രസംവിധാനങ്ങളുടെ പിന്തുണയോടെമാത്രം ജീവന്‍ നിലനിര്‍ത്തുകയെന്നത് എത്രത്തോളം അഭികാമ്യമാണെന്നത് ഒരു പ്രശ്‌നംതന്നെയാണ്.

ദയാവധം പ്രസക്തമാകുന്ന സന്ദര്‍ഭമിതാണ്. അത്തരമൊരു മരണസമ്പ്രദായത്തിന് നിയമപരമായി അനുമതിനല്‍കാനുള്ള അവകാശവും അധികാരവും ആര്‍ക്കാണുള്ളതെന്നത് കുഴക്കുന്ന ഒരു ദാര്‍ശനികപ്രശ്‌നംകൂടിയാണ്. ദയാവധത്തിന്റെ അനുകൂലിയും പ്രചാരകനുമായ, 'ഡോ. ഡെത്ത്' എന്ന് കുപ്രസിദ്ധിയാര്‍ജിച്ച, അമേരിക്കക്കാരനായ ഡോ. ജാക് കീവോര്‍കിന്റെ, 'മരിക്കുകയെന്നത് ഒരു കുറ്റകൃത്യമല്ല' എന്ന നിലപാട് ഇന്ന് ലോകവ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. എങ്കിലും ലോകരാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ ഇനിയും അനുകൂലനിലപാടിലേക്കെത്തിയിട്ടില്ല. ദയാവധത്തിനനുമതിനല്‍കിയാല്‍ അതു ദുരുപയോഗപ്പെടുത്താനിടയുണ്ടെന്ന വസ്തുതയാണ് സര്‍ക്കാറുകളെ കുഴക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വേണ്ടാത്തവരെ ഉപേക്ഷിക്കാനുള്ള ഒരു ഒഴികഴിവായി ദയാവധം ഉപയോഗിക്കപ്പെട്ടേക്കുമോയെന്നാണ് അതിന്റെ എതിരാളികള്‍ ഭയക്കുന്നത്. അത് ന്യായവുമാണ്. അനുദിനം കച്ചവടവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു രോഗചികിത്സാസമ്പ്രദായത്തിനകത്ത് അവയവവിപണിമാഫിയ ദയാവധം ദുരുപയോഗപ്പെടുത്താനുള്ള സാധ്യത ഏറെയാണ്. അത്തരം കഥകള്‍ പലപ്പോഴായി പുറത്തുവരുന്നത് നാം കേള്‍ക്കാറുമുണ്ട്.

അരുണയ്ക്ക് ദയാവധം നല്‍കണമെന്ന അപേക്ഷ 2009ല്‍ സുപ്രീംകോടതിയിലെത്തിയതായിരുന്നു. അവര്‍ക്ക് നിര്‍ബന്ധിച്ച് ഭക്ഷണം നല്‍കുന്നതു നിര്‍ത്തണമെന്ന അരുണയുടെ കഥ ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തക പിങ്കി വിരാനിയുടെ ആവശ്യം പക്ഷേ, 2011ല്‍ സുപ്രീംകോടതി തള്ളുകയാണുണ്ടായത്. കോടതിനിര്‍ദേശാനുസരണം അരുണയെ പരിശോധിച്ച മെഡിക്കല്‍സംഘത്തിന്റെ റിപ്പോര്‍ട്ടനുസരിച്ചാണ് ദയാവധാപേക്ഷ അന്നു തള്ളപ്പെട്ടത്. അരുണയെ ചികിത്സിച്ചുകൊണ്ടിരുന്ന മുംബൈയിലെ കെ.ഇ.എം. ആസ്​പത്രി ആഘോഷപൂര്‍വമാണ് ദയാവധത്തിനെതിരായ വിധി കൊണ്ടാടിയത്. എന്നാല്‍, ഈ കേസില്‍ രോഗികളുടെ അനുമതിയോടെയുള്ള ദയാവധമാകാമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ച് രോഗികളുടെ അനുമതിയോടെയുള്ള ദയാവധത്തിന് നിയമപരമായ പരിരക്ഷവേണമെന്ന് നിയമകമ്മീഷനും ശുപാര്‍ശചെയ്തിട്ടുണ്ട്. എന്നാല്‍, അബോധാവസ്ഥയിലുള്ള രോഗികളുടെ കാര്യത്തില്‍ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികളവസാനിപ്പിക്കുന്നതു സംബന്ധിച്ച തീരുമാനം കോടതിക്കുവിടാനാണ് നിയമകമ്മീഷന്‍ ശുപാര്‍ശചെയ്തത്. ബോധം ഇവിടെ പ്രധാനമായി. ബോധമില്ലെങ്കില്‍ ദയാവധമാവശ്യപ്പെടാനാകാത്ത സാഹചര്യമാണ് ഇതിലൂടെയുണ്ടാകുന്നത്. ഇക്കാര്യത്തില്‍ വിദഗ്ധമായൊരു നിയമനിര്‍മാണത്തില്‍നിന്ന് നമ്മുടെ രാജ്യം ഇപ്പോഴും എത്രയോ അകലെയാണ്. നെതര്‍ലന്‍ഡ്‌സാണ് ഇക്കാര്യത്തില്‍ എതിര്‍പ്പുകളവഗണിച്ച് ദയാവധത്തിന് നിയമസാധുത നല്‍കിയ ആദ്യത്തെ രാഷ്ട്രം. അരുണയുടെ ജീവിതം മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ അര്‍ഥപൂര്‍ണമായൊരു സംവാദമേറ്റെടുക്കാനുള്ള ഉത്തരവാദിത്വം പൊതുസമൂഹത്തിനും സര്‍ക്കാറിനുമുണ്ട്. ബലാത്സംഗത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന അവരുടെ ആത്മാവിന് ശാന്തിലഭിക്കണമെങ്കില്‍ ഒരുസ്ത്രീയും ബലാത്സംഗംചെയ്യപ്പെടാത്തൊരു ഭാരതത്തിനുവേണ്ടി രാഷ്ട്രം ദൃഢപ്രതിജ്ഞയെടുക്കണം. ബലാത്സംഗങ്ങളില്ലാത്ത ഭാരതം പിറക്കുന്നതുവരെയും നമ്മുടെ കൃത്രിമശാന്തികളില്‍ അരുണ എന്ന പേര് പൊള്ളുന്ന ഓര്‍മപ്പെടുത്തലായി നില്‍ക്കണം. പൊറുക്കാനാവാത്തൊരു കുറ്റകൃത്യം ഇവിടെ നിലനിന്നിരുന്നുവെന്നതിന്റെ അടയാളമായി ആ പേര് ചരിത്രത്തിലെന്നും ഓര്‍മിക്കപ്പെടേണ്ടതുണ്ട്